മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയായ നടി സംയുക്ത മേനോൻ തൻറെ പേരിൽ നിന്നും മേനോൻ ഒഴിവാക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വാത്തി എന്ന ധനുഷ് ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംയുക്ത തന്നെ ഇനി മേനോൻ എന്ന് ചേർത്ത് വിളിക്കരുതെന്ന് പറഞ്ഞത്. ജാതി പേരായ മേനോൻ മുൻപുണ്ടായിരുന്നു എന്നാൽ ഇനിമുതൽ അത് ചേർത്തു വിളിക്കേണ്ട സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതി എന്നായിരുന്നു താരം പറഞ്ഞത്. താൻ അഭിനയിക്കുന്ന സിനിമകളിൽ പേരിൽനിന്ന് മേനോൻ നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും താരം പറഞ്ഞു.

കുറച്ചുനാൾ മുൻപ് തന്നെ മേനോൻ എന്ന തൻറെ ജാതി വാൽ സോഷ്യൽ മീഡിയ ഹാൻഡലുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ താരം മീഡിയ പോർട്ടലുകളിലും മറ്റും സംയുക്ത മേനോൻ എന്നതിന് പകരം സംയുക്ത എന്ന് വിളിക്കണം എന്ന് കുറിച്ചിരുന്നു. ഫെബ്രുവരി 17നാണ് വാത്തി റിലീസ് ചെയ്യുന്നത്. സംയുക്തയുടേതായി റിലീസ് ചെയ്ത അവസാനം മലയാള ചിത്രം കടുവ ആണ്. ഇനി റിലീസിനായി ഒരുങ്ങുന്ന പുത്തൻചിത്രം ബൂമറാങ്ങ് ആണ് .
നിലവിൽ മലയാളത്തിന് പുറമേ തമിഴ് , തെലുങ്കു , കന്നട ചിത്രങ്ങളിൽ വേഷമിട്ട സംയുക്ത തന്റെ കരിയർ ആരംഭിക്കുന്നത് 2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന മലയാള ചിത്രത്തിലൂടെയാണ്. എന്നാൽ താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത് ഏറെ പ്രേക്ഷകരെ നേടിക്കൊടുത്തത് തീവണ്ടി എന്ന ചിത്രത്തിലെ നായിക വേഷമാണ് . പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ സംയുക്ത തമിഴിലേക്കും തെലുങ്കിലേക്കും കന്നടയിലേക്കും ചുവടുവെച്ചു. അന്യഭാഷ ചിത്രങ്ങളും മികച്ച സ്വീകാര്യതയാണ് സംയുക്ത നൽകിയത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രങ്ങളാണ് സർ , വിരുപക്ഷ എന്നിവ.