ടൂറൊക്കെ കഴിഞ്ഞു അപ്പു വന്നു; അടുത്ത മാസം മുതല്‍ പ്രണവ് കഥകള്‍ കേട്ട് തുടങ്ങും: വിശാഖ് സുബ്രഹ്മണ്യം

കഴിഞ്ഞവർഷം തിയേറ്ററുകളിൽ വമ്പൻ ഓളം സൃഷ്ടിച്ച ചിത്രമാണ് ഹൃദയം . കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രം കൂടിയായിരുന്നു ഇത്. ഹൃദയത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യം ഈ ചിത്രത്തിൻറെ വൻ വിജയത്തിന് ശേഷം മറ്റൊരു ചിത്രത്തിൻറെ ഒരുക്കത്തിനുള്ള ആലോചനയിലാണ്. ഈ വർഷം കൂടുതൽ ചിത്രങ്ങളുടെ പ്രഖ്യാപനമാണ് താൻ സിനിമ നിർമ്മിക്കുന്ന ബാനറിന് കീഴിൽ ഉണ്ടാകുക എന്നാണ് വിശാഖ് പറയുന്നത്. 2024 ൽ ധ്യാൻ ശ്രീനിവാസന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഒരു ചിത്രം താൻ നിർമ്മിക്കും എന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



2024 ൽ ഒരുക്കാൻ തീരുമാനിക്കുന്ന ധ്യാനിന്റെ ചിത്രം ഫൺസ്റ്റാറ്റിക് ഫിലിംസിന്റെ ബാനറിൽ ആയിരിക്കും നിർമ്മിക്കുന്നത്. ധ്യാനിന് പത്തോളം ചിത്രങ്ങളിൽ അഭിനയിക്കാനുണ്ട് , അവയെല്ലാം തീർന്ന ശേഷം ആയിരിക്കും തങ്ങളുടെ പുതിയ പ്രൊജക്ട് ആരംഭിക്കുന്നത്. ഞങ്ങൾക്ക് എല്ലാം ധ്യാൻ ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ സബ്ജക്ട് ഇഷ്ടപ്പെട്ടു എന്നും വിശാഖ് പറയുകയുണ്ടായി. ഒരു ചിത്രം ഈ വർഷം ചെയ്യാൻ പദ്ധതിയുണ്ട്. ഫൺസ്റ്റാറ്റിക് , മെറിലാന്റ് എന്നിവയുടെ ബാനറിൽ ഓരോ ചിത്രങ്ങൾ പ്രഖ്യാപിക്കും. എങ്കിലും ഇവയൊന്നും തിരക്കിട്ട് ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇവയുടെ സ്ക്രിപ്റ്റ് വർക്ക് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നുമാസം എങ്കിലും പ്രഖ്യാപനത്തിനായി എടുക്കും. പ്രഖ്യാപനം ഉണ്ടാകുന്നത് ഈ വർഷം പകുതിയോടെ ആയിരിക്കും.



ഇത് കൂടാതെ മറ്റൊരു കാര്യം കൂടി വിശാഖ് വെളിപ്പെടുത്തി. ഈ വർഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ഒരു ചിത്രം ഉണ്ടാകും എന്ന്. മാത്രമല്ല വിനീത് ശ്രീനിവാസനുമായി ചേർന്നുകൊണ്ടുള്ള പ്രൊജക്ടുകൾ ഇനിയും ഉണ്ടാകാം എന്നും അദ്ദേഹം പറയുന്നുണ്ട്. നിലവിൽ വിനീത് അഭിനയിക്കുന്ന തിരക്കിലായതിനാൽ തന്നെ അത് കഴിഞ്ഞു മാത്രമേ ചിത്രത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. അതുകഴിഞ്ഞ് ഒത്തുവരികയാണെങ്കിൽ സിനിമ നടക്കും. ടൂർ ഒക്കെ കഴിഞ്ഞു പ്രണവ് എത്തിയതേയുള്ളൂ , അടുത്ത മാസം മുതൽ ചിത്രത്തിൻറെ കഥ പ്രണവ് കേട്ട് തുടങ്ങും.

Scroll to Top