ലോകം കീഴടക്കാൻ ദൃശ്യം..! ഹോളിവുഡ് ഉൾപ്പടെ വിദേശ ഭാഷകളിൽ ചിത്രം റീമേക്കിന് ഒരുങ്ങുന്നു..

മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോർജുകുട്ടി എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ദൃശ്യം . ഈ ചിത്രം ഇപ്പോഴിതാ ലോകം കീഴടക്കാൻ ഒരുങ്ങുകയാണ്. ഈ ചിത്രത്തിൻറെ വ്യാപകമായ ജനപ്രീതി മൂലം ബോളിവുഡ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്തത്. രണ്ടാം ഭാഗമായ ദൃശ്യം 2 ഇന്ത്യയിൽ മാത്രം 250 കോടി രൂപയാണ് കരസ്ഥമാക്കിയത്. അടുത്തിടെ നടന്ന ഒരു പ്രഖ്യാപനത്തിൽ പനോരമ സ്റ്റുഡിയോസ് ഇൻറർനാഷണൽ ലിമിറ്റഡ് പ്രഖ്യാപിച്ചത് ഫിലിപ്പിനോ, സിംഹള, ഇൻഡോനേഷ്യൻ എന്നിവ ഒഴികെയുള്ള എല്ലാ വിദേശ ഭാഷകളിലും ദൃശ്യം, ദൃശ്യം 2 എന്നിവയുടെ റീമേക്കുകളുടെ അവകാശം തങ്ങൾ സ്വന്തമാക്കി എന്നാണ് . ഇതുകൂടാതെ ദൃശ്യം ചൈനീസ് ഭാഷാപതിപ്പ് നിർമ്മിക്കാനുള്ള അവകാശവും അവർ സ്വന്തമാക്കിയിട്ടുണ്ട്. കൊറിയ , ജപ്പാൻ , ഹോളിവുഡ് എന്നിവിടങ്ങളിൽ ഈ ചിത്രം എത്തിക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

2013ലാണ് ജിത്തു ജോസഫിന്റെ സംവിധാന മികവിൽ ദൃശ്യം പുറത്തിറങ്ങുന്നത്. അവിചാരിതമായി ഒരു കുറ്റകൃത്യം ചെയ്യേണ്ടി വരുന്നതും പിന്നീട് തൻറെ കുടുംബത്തെ രക്ഷിക്കുന്നതിനായി ജോർജുകുട്ടി എന്ന കഥാപാത്രവും കുടുംബവും നേരിടുന്ന കഥയാണ് ചിത്രം പറഞ്ഞത്. ഒട്ടേറെ പ്രതിസന്ധിഘട്ടങ്ങളിലും തൻറെ കുടുംബത്തേയും അവരറിയാതെ കാത്തുസൂക്ഷിച്ച രഹസ്യത്തെയും ജോർജുകുട്ടി മുറുകെ പിടിക്കുന്നു.


മലയാളത്തിൽ ഇറങ്ങിയ ഈ ചിത്രം ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിലും പുറത്തിറക്കിയിരുന്നു. ഇവയിൽ യഥാക്രമം അജയ് ദേവഗൺ , കമൽ ഹാസൻ , വെങ്കിടേഷ് എന്നിവരാണ് മോഹൻലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിൻറെ പ്രമേയമായ കുടുംബം സ്നേഹം സംരക്ഷണം എന്നിവ ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ സ്വാധീനിച്ചതുകൊണ്ടുതന്നെ ദൃശ്യം എന്ന ചിത്രം പ്രേക്ഷകരെ ആകർഷിക്കുകയും ആഗോളതലത്തിൽ അതിൻറെ വ്യാപ്തി വിപുലീകരിക്കുകയും ചെയ്തു.

Scroll to Top