ഗംഭീര ആക്ഷൻ രംഗങ്ങളിലും ഡയലോഗിലും ശ്രദ്ധ നേടി പത്തൊൻപതാം നൂറ്റാണ്ട് ട്രൈലർ..

താഴ്ന്ന ജാതിക്കാർക്ക് എതിരെയുള്ള ക്രൂരതകളോട് പോരാടി അവരുടെ അവകാശങ്ങൾ നേടിയെടുത്ത് നൽകാൻ പരിശ്രമിച്ച നിരവധി നവോത്ഥാന നായകന്മാർ ഉണ്ടായിരുന്നു നമുക്ക്. അതിൽ ഒരാളാണ് ആറാട്ടുപ്പുഴ വേലായുധപണിക്കർ . ഇദ്ദേഹത്തിന്റെ ജീവിത കഥയെ ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ഒരു ബ്രാഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് . ഓണത്തിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നടൻ സിജു വിൽസൺ ആണ് ആറാട്ടുപ്പുഴ വേലായുധപണിക്കരായി വേഷമിടുന്നത്.

ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരു യഥാർത്ഥ സംഭവം തന്നെയാണ് വിനയൻ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരുക്കാലത്ത് മേൽജാതിക്കാർ , കീഴ് ജാതിക്കാർ എന്നിങ്ങനെയുള്ള വേർത്തിരിവുകൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. അടിമകളെപ്പോലെയാണ് കീഴ് ജാതിക്കാർ ജീവിച്ചു പോന്നിരുന്നത്. ഇവർക്ക് അമ്പലങ്ങളിൽ പ്രവേശിക്കാനോ , മേൽ ജാതിക്കാർ നടക്കുന്ന വഴിയെ നടക്കാനോ , എന്തിനേറെ കീഴ് ജാതി സ്ത്രീകൾക്ക് മാറു മറയ്ക്കാൻ പോലും അവകാശം ഉണ്ടായിരുന്നില്ല . ഇത്തരം നിയമ വ്യവസ്ഥകൾക്കെതിരെ പോരാടിയ , മറ്റുള്ളവരെ പോരാടൻ പ്രേരിപ്പിച്ച നവോത്ഥാന നായകനായ ആറാട്ടുപ്പുഴ വേലായുധപണിക്കരുടെ ശക്തമായ പോരാട്ടമാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ഒരുക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹവും വേഷമിടുന്നുണ്ട്. കൂടാതെ ദീപ്തി സതി, പൂനം ബജ്വ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, ടിനി ടോം, സുദേവ് നായർ, സെന്തിൽ കൃഷ്ണ, കയദു ലോഹർ, സുരേഷ് കൃഷ്ണ, സുധീർ കരമന, വിഷ്ണു വിനയ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ വിനയൻ തന്നെയാണ് . ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് എം ജയചന്ദ്രനാണ് .