തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരവിവാഹം ഇപ്പോൾ നടന്നിരിക്കുകയാണ്. തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് സിനിമാലോകം വിശേഷിപ്പിക്കുന്ന നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടന്നു. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഈ താര വിവാഹം നടന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പ് ഇന്നത്തോടെ അവസാനിച്ചിരിക്കുകയാണ്..


വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത് നയൻതാര നായികയായി എത്തിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും അടുപ്പത്തിലാവുന്നതും തുടർന്ന് പ്രണയത്തിലാവുന്നതും . ഏഴ് വർഷം പ്രണയിച്ച് നടന്നതിന് ശേഷമാണ് ഒടുവിൽ ഇരുവരും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറിയ നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്ന സമയത്താണ് താരത്തിന്റെ വിവാഹം നടന്നിരിക്കുന്നത്.


അറ്റ്ലിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനായി എത്തിയ ഷാരൂഖ് ഖാൻ ഉൾപ്പടെ സൗത്ത് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. താരനിബിഡമായ ഈ വിവാഹ ചടങ്ങിൽ തമിഴ് താരങ്ങളായ രജനികാന്ത്, വിജയ്, സൂര്യ, അജിത്, കാർത്തി,വിജയ് സേതുപതി എന്നിവരും മലയാള നടൻ ദിലീപും പങ്കെടുക്കുകയും വധു വരന്മാരെ നേരിട്ട് എത്തി അനുഗ്രഹിക്കുകയും ചെയ്തു.


വിവാഹം കഴിഞ്ഞപ്പോൾ മുതൽ ആരാധകർ ഈ താര വിവാഹ ചിത്രങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കാത്തിരിക്കുകയായിരുന്നു . വിവാഹ ചടങ്ങുകൾ നടന്നിരുന്നത് അതീവ സുരക്ഷയോടെയാണ് . അതുകൊണ്ട് തന്നെയാവാം രാവിലെ തന്നെ വിവാഹം കഴിഞ്ഞെങ്കിലും ഇരുവരുടേയും വിവാഹ ഫോട്ടോകൾ ഒന്നു പോലും പുറത്തുവന്നിരുന്നില്ല. പുറത്ത് നിന്ന് പകർത്തിയ താരങ്ങൾ വരുന്ന ചിത്രങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.


എന്നാൽ ആരാധകർ കാത്തിരുന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോഴിതാ വിഘ്നേശ് ശിവൻ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യം താലികെട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത വിഘ്നേശ് അതോടൊപ്പം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് വിവാഹിതരായി എന്ന ക്യാപ്ഷനും നൽകിയിരുന്നു. പിന്നാലെ വിഘ്നേശ് തങ്ങൾ വിവാഹ വേദിയിലേക്ക് എത്തുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തു. നയൻതാരയുടെ വിവാഹ ഡ്രെസ്സിലുള്ള ഫോട്ടോയോടൊപ്പം അദ്ദേഹം കുറിച്ച ക്യാപ്ഷൻ ‘നയൻ മാഡത്തിൽ നിന്ന് എന്റെ ഭാര്യയിലേക്ക്..”, എന്നായിരുന്നു.