നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ചെറിയ ഒരു റോൾ ചെയ്തു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി അമല പോൾ. അരങ്ങേറ്റം കുറിച്ചത് മലയാള സിനിമയിൽ ആണെങ്കിലും താരം നായികയായി ശ്രദ്ധ നേടിയത് തമിഴിലാണ്. ആദ്യ സിനിമയ്ക്ക് ശേഷമാണ് തമിഴിലെ മൈന എന്ന ചിത്രത്തിലേക്ക് അമലയ്ക്ക് അവസരം ലഭിക്കുന്നത്. ഈ സിനിമയിൽ നായികവേഷത്തിൽ ഗംഭീര പ്രകടനം കാഴ്ച വച്ച താരത്തിന് അവിടുത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു.


വീണ്ടും മലയാളത്തിലേക്ക് നാടോടികളുടെ മലയാളം റീമേക്കിലൂടെ പ്രത്യക്ഷപ്പെട്ട അമലയ്ക്ക് നിരാശ തന്നെയായിരുന്നു ഫലം. ആ സിനിമ പരാജയപ്പെട്ടു. താരം പിന്നീട് തമിഴിലും തെലുങ്കിലും തന്നെ സിനിമകൾ ചെയ്തു. മലയാളത്തിൽ പിന്നീട് താരം ശോഭിച്ചത് 2012-ൽ പുറത്തിറങ്ങിയ റൺ ബേബി റൺ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി അഭിനയിച്ചതോടെ ആണ് . തുടർന്ന് ഒട്ടേറെ ആരാധകരെ ലഭിക്കുകയും മലയാളത്തിലെ ശ്രദ്ധേയ നായികയായി താരം മാറുകയും ചെയ്തു. ഈ ചിത്രം ആ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്.


അതിന് ശേഷം ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളിലും അമല നായികയായി തന്നെ വേഷമിട്ടു. മലയാളത്തിൽ ശോഭിച്ചപ്പോഴും തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങൾ താരം കൈവിട്ടില്ല. തമിഴ് ചിത്രം ദൈവ തിരുമകളുടെ ഷൂട്ടിങ്ങിന്റെ സമയത്ത് ചിത്രത്തിന്റെ സംവിധായകനായ എ.എൽ വിജയുമായി താരം പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ 2 വർഷം മാത്രമാണ് ഈ ബന്ധം നിലനിന്നുള്ളു. ഇരുവരും പിന്നീട് വേർപിരിഞ്ഞു.


അഭിനയത്തോടൊപ്പം യാത്രകൾ ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് അമല. അമല തന്റെ ഇൻസ്റ്റാഗ്രാമിൽ കുറേ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ച ക്യാപ്ഷൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. “എന്റെ ദീർഘകാല സുഹൃത്തുമായി ഒരു ഡേറ്റ് ഉണ്ടായിരുന്നു..” എന്ന് ആരംഭിക്കുന്ന ക്യാപ്ഷനിൽ ആദ്യ വരി കണ്ടതോടെ ആരാധകർ ഞെട്ടി . എന്നാൽ തുടർന്നുള്ള വരികളിൽ “ഞാൻ എന്റെ കയാക്കിനെക്കുറിച്ചാണ് സംസാരിക്കുന്നത്” എന്നും താരം കുറിച്ചിരുന്നു. കായക് ബോട്ടുകൾക്ക് ഒപ്പം ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് അമല പോസ്റ്റ് ചെയ്തിരിക്കുന്നത്.

