പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ജയിംസിന്റെ ടീസർ പുറത്തിറങ്ങി ; ആക്ഷൻ രംഗങ്ങളിൽ മാസ്സ് പ്രകടനവുമായി താരം …

കന്നഡ ചലച്ചിത്ര ലോകത്ത് അഭിനേതാവ് , ടെലിവിഷൻ അവതാരകൻ , ഗായകൻ, നിർമ്മാതാവ് തുടങ്ങി പല മേഖലകളിലും ശോഭിച്ച വ്യക്തിയാണ് നടൻ പുനീത് രാജ്കുമാര്‍. ഹൃദയാഘാതത്തെ തുടർന്ന് 2021 ൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രമാണ് ജയിംസ് . ഈ ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ സൈനികനായാണ് പുനീത് എത്തിയിട്ടുള്ളത്. ആക്ഷന്‍ ത്രില്ലറായ ഒരുക്കിയിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്തത് ചേതന്‍ കുമാര്‍ ആണ്.  പുനീത് ആക്ഷന്‍ രംഗങ്ങളിൽ ത്രസിപ്പിക്കുന്ന അഭിനയമാണ്  കാഴ്ചവച്ചിരിക്കുന്നത്.


ഈ ചിത്രം  മാര്‍ച്ച് പതിനേഴിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത് . അദ്ദേഹത്തിന്റെ മരണശേഷം തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്. ശരത് കുമാര്‍, മുകേഷ് റിഷി , പ്രിയ ആനന്ദ്, അനു പ്രഭാകര്‍, ശ്രീകാന്ത് എന്നിവരാണ് ചിത്രത്തിൽ എത്തുന്ന മറ്റ് പ്രധാന കഥാപാത്രങ്ങൾ . താരത്തിന്റെ സഹോദരനും നടനുമായ ശിവരാജ് കുമാറാണ് പുനീത് ബാക്കിവച്ച ചിത്രത്തിലെ ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.


മാര്‍ച്ച് പതിനേഴിനാണ് പുനീതിന്റെ ജന്മദിനം . അന്നുതന്നെ ഈ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഈ മഹാപ്രതിഭയോടുള്ള ആദരസൂചകമായി  അദ്ദേഹത്തിന്റെ ഈ അവസാന ചിത്രം റിലീസ് ചെയ്യുന്ന അന്നു മുതൽ ഒരാഴ്ച കര്‍ണാടകയില്‍ മറ്റ് പുതിയ കന്നഡ ചിത്രങ്ങള്‍ ഒന്നും തന്നെ പ്രദർശിപ്പിക്കിലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്.