വൈറലായി ഭീഷ്മയിലെ ക്യാരക്ടർ പോസ്റ്ററുകൾ..കാണാം !!

കിടിലൻ ലുക്കുമായി ഭീഷ്മ പർവ്വത്തിൽ മമ്മൂട്ടി. മമ്മൂട്ടി ആരാധകർക്കായി പുറത്തുവിട്ട ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.സൂപ്പർ സ്റ്റാര്‍ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന അമല്‍ നീരദ് ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഫെബ്രുവരി ഇരുപത്തിനാലിനു ചിത്രം റിലീസ് ചെയ്യും. മാസ്സ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീട്ടി വളര്‍ത്തിയ മുടിയും കട്ടി താടിയുമായി എത്തിയ താരത്തിന്റെ പോസ്റ്ററുകളാണ് ശ്രദ്ധേയമാകുന്നത്. ലുക്കിനൊപ്പം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്തു വിട്ടുകൊണ്ടാണ് കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മൈക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍ , വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ കാമറാമാൻ . സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാം ആണ്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. വമ്പന്‍ ബഡ്ജറ്റിലൊരുക്കിയ ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഒരു പൊൻതൂവൽ കൂടി ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏതായാലും പുതുവത്സര സമ്മാനമായി മമ്മൂട്ടി ആരാധകർക്ക് ലഭിച്ച ഈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതും സംവിധായകൻ അമൽ നീരദ് തന്നെയാണ്.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത് ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം ബിഗ് ബിയുടെ രണ്ടാം ഭാഗം ആയ ബിലാല്‍ എന്ന ചിത്രത്തിനു വേണ്ടി ഈ വര്‍ഷം തന്നെ ഇരുവരും ഒന്നിക്കുന്നുണ്ട്. അമല്‍ നീരദ് നാല് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചതാണ് ബിലാല്‍ എന്ന ചിത്രം .ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ബിലാല്‍.