ദരിദ്രനായതിന്റെ പേരിൽ മിടുക്കനായ വിദ്യാര്‍ഥിയുടെ മാർക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടു.. പൊള്ളുന്ന അനുഭവം പങ്കുവച്ച് ഒരു അധ്യാപിക..

1940

ഗസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്യേണ്ടിവന്ന ഒരധ്യാപികയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. സ്‌കൂളിൽ പക്ഷഭേദത്തോടെയുള്ള മൂല്യനിർണ്ണയ വ്യവസ്ഥിതിയെ ചോദ്യം ചെയ്തതിന് ജോലി നഷ്ടപ്പെട്ട അനുഭവം എഴുതിയിരിക്കുകയാണ് അഞ്ജു ബോബി നരിമറ്റം എന്ന അധ്യാപിക. മിടുക്കനായ വിദ്യാർഥിയുടെ മാർക്ക് മറ്റൊരാൾക്ക് വേണ്ടി കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോഴാണ് രാജി വയ്ക്കേണ്ടി വന്നത്. അഞ്ജു എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം; ഏപ്രിൽ- മെയ് മാസങ്ങൾ ഞങ്ങൾ ഗസ്റ്റ് ഫാക്കൽറ്റിയെ സംബന്ധിച്ച് തീയിലൂടെ നടക്കുന്നത് പോലെയാണ്. അടുത്ത വർഷം ജോലി ഉണ്ടാവുമോ, അഥവാ ഉണ്ടായാലും ശമ്പള വർദ്ധനവ് ആവശ്യപ്പെടാതിരിക്കാൻ വേണ്ടി വലിയ ക്ലാസ്സുകളിൽ നിന്ന് ചെറിയ ക്ലാസുകളിലേക്ക് മാറ്റുവോ, അടുത്ത വർഷവും തുടർന്നോളാം എന്നെഴുതി വാങ്ങിച്ച പേപ്പർ തിരികെ തന്നു, എന്റെ വളരെ വേണ്ടപ്പെട്ട ഒരാള് വരുന്നുണ്ട് നിങ്ങൾക്ക് പകരം, അതോണ്ട് വേറെവിടെലും നോക്കിക്കോ എന്ന് പറയുവോ, സ്റ്റാഫിന്റെ എണ്ണം കുറക്കുന്നത് കൊണ്ട് പോകേണ്ടി വരുമോ, കുറച്ചുകൂടി മാർക്കുള്ള ഫ്രഷേഴ്‌സ് വരുമ്പോൾ നമ്മുടെ ഇത്രയും നാളത്തെ എക്സ്പീരിയൻസ്ന്റെ, അദ്ധ്വാനത്തിന്റെ തിളക്കം മങ്ങി ജോലിക്ക് പുറത്താകുമോ അങ്ങനെ നൂറായിരം ആധികൾ !!!

2011 അവസാനം മുതൽ ഗസ്റ്റ് ഫാക്കൽറ്റി ആയാണ് ജോലി ചെയ്യുന്നത്. ഇത് വരെ സ്ഥിര ജോലി ആയിട്ടുമില്ല. എന്തോ ഭാഗ്യം കൊണ്ട് ഒരിടത്തും നിന്നും ഇങ്ങനെ വിഷമിച്ചു പോരേണ്ടി വന്നിട്ടില്ല; ഒരിക്കലൊഴികെ. B Ed ന്റെ ബലത്തിൽ ഒരു സ്കൂളിൽ ജോലിക്ക് കയറി. ഇന്നും ഞാൻ ഇത്രയധികം വെറുക്കുന്ന വേറൊരു സ്ഥലമില്ല. ചില സീരിയലുകളിൽ കാണുന്നതരം ദുഷ്ട സ്ത്രീകൾ, അവരെക്കാൾ കുശുമ്പ് ഉള്ളിൽ കൊണ്ട്നടക്കുന്ന ഒന്ന് രണ്ടു പുരുഷ കഥാപാത്രങ്ങൾ, ഉള്ളിൽ നന്മ ഉണ്ടെങ്കിലും ഇവരോടൊക്കെ ഏറ്റുമുട്ടാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് മൗനം പാലിക്കുന്ന ചുരുക്കം ചിലർ, ഈ ലോകത്തിൽ ഉള്ള എല്ലാ തിന്മകളും കൂടിചേർന്ന ഒരു മേലധികാരി. ഇത്രേം ചേർന്നതാണ് സ്റ്റാഫ് റൂം.

അതോറിറ്റിയെ പ്രീണിപ്പിച്ചു നിർത്തിയാൽ BA ഹിസ്റ്ററിക്കാരി വലിയ ക്ലാസ്സുകളിൽ ഇംഗ്ലീഷ് ടീച്ചറും MA ഇംഗ്ലീഷ്കാരി ആറാം ക്ലാസ്സിലെ GK ടീച്ചറും ആകുമെന്ന മന്ത്രവിദ്യ അവിടുന്നാണ് ഞാൻ അറിഞ്ഞത്. വല്യ വീട്ടിലെ പിള്ളേര് കുരുത്തക്കേട് കാണിച്ചാൽ ഈ പിള്ളേരുടെ ഒരു കാര്യം എന്ന് പറഞ്ഞു കുഞ്ഞി ഒരടിയും അടുത്തുള്ള കോളനിവാസിയായ കുഞ്ഞ് മറന്നു പോകുന്ന ഓരോ പെരുക്കപ്പട്ടികയ്ക്കും പടക്കം പൊട്ടുന്ന പോലത്തെ അടിയും മേടിക്കുന്ന ഒരിടം. ജോർജ് അഞ്ചാമനെ (ജോർജ് V) ജോർജ് ന്ന് ഒരു ടീച്ചർ വായിക്കുന്നത് കേട്ട് തറഞ്ഞു നിന്ന് പോയിട്ടുണ്ട്. ദിസ്‌ പോയം ഈസ്‌ റിട്ടൺ ബൈ അനോണിമസ്, ഹി ഈസ്‌ എ ഫേമസ് പോയെറ്റ് എന്ന് പറഞ്ഞു കൊടുക്കുന്നത് കേട്ട് സങ്കടം തോന്നി ഇന്റർവെൽന്റെ സമയത്തു ആരും കേൾക്കാതെ രഹസ്യമായി അവരോടു അതിന്റ അർത്ഥം പറഞ്ഞപ്പോൾ ഇന്നലെ ഇങ്ങു വന്നതല്ലേ ഉള്ളു, അപ്പോളേക്കും ബാക്കി ഉള്ളവരുടെ ക്ലാസ് മോണിറ്റർ ചെയ്യാറൊക്കെ ആയല്ലോ എന്ന പരിഹാസമാണ് മറുപടി കിട്ടിയത്. (ഇതിൽ ഒരംശം പോലും അതിശയോക്തി ഇല്ല. അന്ന് കൂടെ വർക്ക്‌ ചെയ്ത ചിലരെങ്കിലും ഫ്രണ്ട്സ് ലിസ്റ്റിൽ ഉണ്ട്. ) ആനിവേഴ്സറി വരുമ്പോളാണ് ഏറ്റവും കഷ്ടം. ഗസ്റ്റ് വരുമ്പോൾ പൂ കൊടുക്കാനാ, നല്ല വെളുത്തു ഭംഗി ഉള്ള അഞ്ചാറു പിള്ളേരെ ഇങ്ങു വിളിച്ചേ ഡാൻസിന്റെ മുൻപിൽ നല്ല ശേലൊള്ള പിള്ളേരെ വേണം നിർത്താൻ എന്നൊക്ക വളരെ വളരെ സ്വാഭാവികമായി ആവശ്യപ്പെടുന്നത് കേട്ട് കേട്ട് തല പെരുത്തു. പലപ്പോഴും അതിന്റ പേരിൽ തർക്കിച്ചു. തർക്കിച്ചു തർക്കിച്ചു തോറ്റു.

ഒരിക്കൽ ഒരു പരീക്ഷകാലത്ത് അന്ന് ഒരു വയസുകാരനായിരുന്ന അപ്പു പനി കൂടി ആശുപത്രിയിൽ ആയപ്പോൾ പ്രിൻസിപ്പൽ എനിക്ക് ലീവ് നിഷേധിച്ചു. ഫോണിലൂടെ കേട്ടത് വിശ്വസിക്കാനാവാതെ നേരിൽ ചെന്നു അപേക്ഷിച്ചപ്പോൾ കൊച്ച് ICU വിൽ അല്ലേ, എണീറ്റ് ഓടുവൊന്നും ഇല്ലല്ലോ, അല്ലേലും പുറത്തല്ലേ നിൽക്കാൻ പറ്റൂ, അത് ആരേലും നിന്നാൽ പോരെ, എക്സാം ഡ്യൂട്ടി ഒന്നും മാറ്റിത്തരാൻ പറ്റില്ല ന്ന് മുഖത്തടിച്ചതു പോലെ പറഞ്ഞു. ടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് റിസൈൻ ചെയ്യാവുന്ന അവസ്ഥയിൽ ആയിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞു ആദ്യത്തെ ബസിൽ കേറി ആശുപത്രിയിൽ എത്തി അപ്പുവിന്റെ വാടിത്തളർന്ന മുഖത്തേക്ക് നോക്കുമ്പോൾ സങ്കടം വരും. പതിനായിരം രൂപ പോലും തികച്ചില്ലാത്ത ശമ്പളത്തിന് വേണ്ടിയാണല്ലോ അതൊക്ക സഹിച്ചതെന്നോർക്കുമ്പോൾ ഇന്നും ഉള്ളിൽ കയ്പു നിറയും.

സ്കൂളിൽ ഫീസിളവ് വാങ്ങി പഠിക്കുന്ന ഒരു മിടുക്കനുണ്ടായിരുന്നു. പഠിയ്ക്കാനും വരയ്ക്കാനും മിടുമിടുക്കൻ. തത്കാലം ജോജോ എന്ന് വിളിക്കാം.(അവനും ഉണ്ട് ഫ്രണ്ട്സ് ലിസ്റ്റിൽ ). പക്ഷെ സൗജന്യം പറ്റുന്നവനോടുള്ള പുച്ഛം ആയിരുന്നു കുറച്ചു ടീച്ചർമാർക്കും പ്രിൻസിപ്പലിനും അവനോടുണ്ടായിരുന്നത്. എന്തോ മുജ്ജന്മ വൈരാഗ്യം പോലെ. കാരണം ഒന്നേയുള്ളു, ദാരിദ്ര്യം രൂപത്തിലും ഭാവത്തിലും അറിയുന്നവണ്ണം ആയിരുന്നില്ല നടപ്പും എടുപ്പും. അപകർഷതക്ക്‌ പകരം നിറഞ്ഞ ചിരിയും ആത്മവിശ്വാസവും. അവൻ നല്ലൊരുടുപ്പിട്ടാൽ പ്രിൻസിപ്പൽ പല്ലിറമ്മും; ഫീസ് തരാൻ കാശില്ല, തരാതരം ഡ്രസ്സ്‌ മേടിക്കാം.

അതെല്ലാം ആരെങ്കിലും ദാനം കൊടുക്കുന്നതാണെന്നു അവർ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ദാരിദ്ര്യം ഉള്ളവർ പിഞ്ഞിക്കീറിയ ഉടുപ്പിട്ടു പാറിപ്പറന്ന മുടിയുമായി നടക്കണം എന്ന പൊതുബോധവുമായി യോജിക്കാത്തവനെ എങ്ങനെ അംഗീകരിക്കാനാണ്.. !! എന്റെ തൊട്ടടുത്തിരുന്ന ടീച്ചർ അവന്റ ആൻസർ ഷീറ്റ് രണ്ടാമതും കൂട്ടി നോക്കി മനഃപൂർവം മാർക്ക്‌ കുറച്ചിടുന്നത് കണ്ടിട്ടുണ്ട്. എന്നിട്ടുള്ള അവരുടെ ചിരി ഇന്നും മറന്നിട്ടില്ല. ആ വർഷം മാർച്ചിൽ നടത്തിയ സ്റ്റാഫ് മീറ്റിംഗിൽ അടുത്ത വർഷവും തുടരാവുന്ന ടീച്ചർസിന്റെ ലിസ്റ്റ് വായിച്ചപ്പോൾ ഞാൻ ചങ്കിടിപ്പോടെ കേട്ടു നിന്നു. ഒടുക്കം എന്റെ പേര് വിളിച്ചപ്പോളാണ് ശ്വാസം നേരെ വീണത്. ഇനിയിപ്പോ ഏപ്രിൽ, മെയ്യിൽ ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തു നടക്കേണ്ട. ഒരു മാതിരിപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ഏപ്രിലിൽ ഇന്റർവ്യൂ നടത്തി ആളെ നിയമിക്കും.

കൃത്യം ഏപ്രിൽ 30 നു പ്രിൻസിപ്പൽ വിളിച്ചു, അത്യാവശ്യം ആയി സ്കൂളിൽ എത്തിച്ചേരണം. ഞാനന്ന് പനിച്ചു കിടപ്പാണ്. പൊള്ളുന്ന പനി. അടുത്ത ദിവസം വന്നാൽ മതിയൊന്നു ചോദിച്ചപ്പോൾ അവരുടെ സ്വരം കടുത്തു. വെയിലും കൊണ്ട് തളർന്നു ചെന്നു കയറിയപ്പോൾ പ്രിൻസിപ്പൽ കുറെ പേപ്പർ കെട്ടുകളുമായിരിക്കുന്നു. ഏപ്രിൽ ആദ്യം ഞങ്ങൾ നോക്കി മാർക്കിട്ടു ഏൽപ്പിച്ച പേപ്പറുകളാണ്. അതിൽ നിന്ന് ഞാൻ നോക്കിയ ക്ലാസുകളിലെ രണ്ട് പേപ്പർ വലിച്ചെടുത്തു അവർ നിന്ന് പരുങ്ങി. ചുരുക്കത്തിൽ ഇത്രയേയുള്ളൂ കാര്യം, “ഒരാളുടെ മാർക്ക്‌ കൂട്ടണം, ഒരാളുടെ കുറക്കണം. പേപ്പറിലും പ്രോഗ്രസ് കാർഡിലും.