എടിഎമ്മില്‍ പിന്‍വലിക്കേണ്ട തുക ടൈപ്പ് ചെയ്ത ശേഷം പണം ലഭിക്കാതെ ട്രാന്സാക്ഷന് എറര്‍ കാണിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴെങ്കിലും അക്കൗണ്ടില്‍ നിന്ന് പൈസ ഡിഡക്ട് ആയെന്നു വരാം. കാശ് കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ഇത്ര തുക എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചു എന്ന മെസേജ് മൊബൈലില്‍ വന്നു എന്നിരിക്കട്ടെ..പോയ പണം അക്കൗണ്ടിലേക്ക് തിരികെയെത്താന്‍ എന്താണ് ചെയ്യേണ്ടത്?
ആര്‍ബിഐ റിപ്പോര്‍ട്ടിൽ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നോ എന്ന് സംശയിച്ചു പോവാറുണ്ടെങ്കിലും, പേടിക്കേണ്ട കാര്യമില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. ആര്‍ബിഐ ഈയടുത്ത് പുറത്തുവിട്ട ബാങ്കിംഗ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ 21 ഓംബുഡ്സ്മാന് ഓഫീസുകളിലായി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,63,590 പരാതികളാണ് ലഭിച്ചത്. ഇതില്‍ എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടില്‍ നിന്ന് ഡിഡക്റ്റാവുകയും ചെയ്ത 14,691 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എവിടെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ?: നമുക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. ഇനി, മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നാണെങ്കിലും പ്രശ്നമില്ല. പരിഹരിക്കാന്‍ അല്പം സമയക്കൂടുതല്‍ എടുക്കുമെന്ന് മാത്രം. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ആദ്യം ചെയ്യേണ്ടത് നമുക്ക് അക്കൗണ്ടുള്ള ബാങ്കിനെ എത്രയും വേഗത്തിൽ ഈ വിവരം അറിയിക്കുകയെന്നതാണ്. കോള്‍ സെന്ററിലേക്ക് നേരിട്ട് വിളിച്ചോ, ഇമെയില്‍ വഴിയോ അറിയിക്കാവുന്നതാണ്. വിളിച്ചറിയിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും എടിഎമ്മില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.
പരാതി എഴുതി നല്‍കണം. എടിഎമ്മില്‍ നിന്ന് പണം ലഭിക്കാത്ത കേസുകള്‍ക്കു പുറമെ, നമുക്ക് ലഭിച്ച കാശും അക്കൗണ്ടില്‍ നിന്ന് കുറഞ്ഞ കാശും തമ്മില്‍ വ്യത്യാസമുണ്ടാവുന്ന സംഭവങ്ങളും അപൂര്‍വമായെങ്കിലും സംഭവിക്കാറുണ്ട്. എന്തായാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കില്‍ പരാതി എഴുതി നല്‍കണമെന്നാണ് നിയമം. പരാതി പരിഹരിക്കപ്പെടുന്നതു വരെ എടിഎം ഇടപാടിന്റെ സ്ലിപ്പ് കൈവശം വയ്ക്കേണ്ടതാണ്. കൂടാതെ പരാതി നല്കുമ്പോള് ആവശ്യമായ വിവരങ്ങള്‍ സ്ലിപ്പില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും.
തിരികെ ലഭിക്കാന്‍ എത്ര ദിവസം എടുക്കും?:
സാധാരണ ഗതിയില്‍ പരാതിപ്പെട്ട് 24 മണിക്കൂറിനുളളിൽ പണം തിരികെ അക്കൗണ്ടിലേക്ക് വരാറുണ്ട്. ബാങ്കിന്റെ ആ ദിവസത്തെ ഇടപാടുകള്‍ ഒത്തുനോക്കുന്ന റീകണ്‍സിലിയേഷന്‍ വേളയില്‍ ഇക്കാര്യം മനസ്സിലായ ഉടനെ തന്നെ അക്കൗണ്ടിലേക്ക് പണം തിരികെ നല്‍കുന്നതാണ് പതിവ്. എന്നാല്‍ ആര്‍ബിഐയുടെ നിയമപ്രകാരം പരാതിപ്പെട്ട് ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കകം പണം തിരികെ അക്കൗണ്ടില്‍ ക്രെഡിറ്റാവണമെന്നതാണ്.
വൈകിയാല്‍ നഷ്ടപരിഹാരം.. അതേസമയം, പരാതി നല്കി ഏഴ് പ്രവൃത്തി ദിവസം കഴിഞ്ഞിട്ടും അക്കൗണ്ടിലേക്ക് പണമെത്തിയില്ലെങ്കില്‍ നമുക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ അര്‍ഹതയുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വച്ചാണ് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതിനുവേണ്ടി പരാതിക്കാരന് പ്രത്യേകിച്ച് അപേക്ഷയൊന്നും നല്‍കേണ്ടതില്ലെന്നും ബാങ്കുകള്‍ സ്വമേധയാ അത് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഓംബുഡ്സ്മാനെ സമീപിക്കാം..
ഈ രീതിയില്‍ അക്കൗണ്ടില്‍ നിന്ന് നഷ്ട്ടപ്പെട്ട പണം തിരികെ ലഭിക്കാതിരിക്കുകയോ ബാങ്ക് നഷ്ടപരിഹാരം നല്കാതിരിക്കുകയോ ചെയ്താല്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സംഭവം നടന്ന് 30 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ പരാതി നല്‍കണമെന്ന വ്യവസ്ഥയുണ്ട്. അതിനായി 30 ദിവസത്തിനകം മറുപടിയൊന്നും ലഭിച്ചില്ലെങ്കിലാണ് ഓംബുഡ്സ്മാനെ സമീപിക്കാന്‍ അവസരമുള്ളത്.