ഹൃദയത്തിനു കരുത്തായ് ഓറഞ്ച്….കൊളസ്ട്രോൾ കുറയ്ക്കുമോ..‍?

523

ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ സങ്കേതമാണ് ഓറഞ്ച്. രുചികരവും. വിറ്റാമിൻ എ, ബി, സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫോറസ് തുടങ്ങിയ നിരവധി പോഷകങ്ങൾ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. 170-ൽ പരം ഫൈറ്റോകെമിക്കലുകളും 60- ൽ പരം ഫ്ളേവനോയിഡുകളും ഇതിലുണ്ട്. ഇവയുടെ ആന്‍റി ഇൻഫ്ളമേറ്ററി നീർവീക്കം തടയുന്നതിനും ആന്‍റി ഓക്സിഡന്‍റ് സ്വഭാവം രോഗങ്ങൾ തടയുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ സി ആണ് ഓറഞ്ചിന്‍റെ ആരോഗ്യപരമായ സിദ്ധികൾക്ക് അടിസ്ഥാനം. വിറ്റാമിൻ സി സപ്ലിമെന്‍റുകൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണെന്ന് ഇറ്റലിയിൽ നടത്തിയ പഠനത്തിൽ പറയുന്നു. അതുകൊണ്ട്‌ ഓറഞ്ച് ജ്യൂസ് എത്രവേണമെങ്കിലും കഴിക്കാം എന്നും കരുതരുത്..

അമിതമായി ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ പല്ലുകൾക്കു കേടുവരാനുളള സാധ്യത കൂടുതലാണ്.ഇത് പല്ലിന്‍റെ ഇനാമലിനു കേടുവരുത്തും. ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്‍റെയും സാന്നിധ്യമാണ് ഇതിന് ഇടയാക്കുന്നത്.ഓറഞ്ചിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന ഒരു തരം നാരുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോൾ രക്തത്തിൽ കലരുന്നതിനു മുമ്പ് അവയെ ശരീരത്തിൽ നിന്നു പുറന്തളളുന്നതിനു പെക്റ്റിൻ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലുളള  ഹെസ്പിരിടിൻ എന്ന ആന്‍റി ഓക്സിഡൻറ് കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയെ കുറയ്ക്കുന്നു. ഓറഞ്ച്ജ്യൂസിൽ അടങ്ങിയ ഫ്ളേവനോണുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ തോതു കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയത്തിന്‍റെയും ബന്ധു.. ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാണ് ഹൃദയാരോഗ്യത്തിന് കരുത്തു നല്‍കുന്നത്. പ്രത്യേകിച്ച് വിറ്റാമിൻ സി എന്ന ആന്‍റി ഓക്സിഡന്‍റ് ആർട്ടറികളെ ഫ്രീ റാഡിക്കലുകളിൽ നിന്നു സംരക്ഷിച്ച് രക്തക്കുഴലുകൾക്കുള്ളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാതെ തടയുന്നു. ഓറഞ്ചിലെ ഫൈറ്റോകെമിക്കലുകൾ ശരീരകോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന രക്തക്കുഴലുകളുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ശരീരത്തിൽ ഹോമോസിസ്റ്റൈൻ എന്ന അമിനോആസിഡ് അധികമായാൽ ഹൃദയാഘാതത്തിനുളള സാധ്യതയേറും. ഓറഞ്ചിലുളള ഫോളേറ്റ്, വിറ്റാമിൻ ബി9 ഹോമോസിസ്റ്റൈനെ വിഘടിപ്പിച്ചു നീക്കം ചെയ്യുന്നു.

അമിതഭാരം കുറയ്ക്കുന്നതിനും..? ഓറഞ്ചിൽ വിറ്റാമിൻ സി യും നാരുകളും ധാരാളമാണ്. നാരുകളടങ്ങിയ വിഭവങ്ങൾ കഴിച്ചാൽ ഉടൻ വയറു നിറഞ്ഞതായി അനുഭവപ്പെടും. അതിനാൽ കൊഴുപ്പടങ്ങിയ മറ്റു വിഭവങ്ങൾ അളവിൽ കുറച്ചുകഴിച്ചാൽ മതിയാകും. കൂടാതെ വിറ്റാമിൻ സി ശരീരത്തിലുളള ഗ്ലൂക്കോസിനെ ഉൗർജമാക്കി മാറ്റുന്നു. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീക്കുന്നതിനും സാധിക്കുന്നു. കലോറി കുറഞ്ഞ ഒരു ഫലമാണ് ഓറഞ്ച്. കൊഴുപ്പു കുറഞ്ഞ പോഷകങ്ങളുടെ കലവറയും, പ്രായമായവർക്ക് റുമറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷണവും. ഓറഞ്ച് ജ്യൂസിലുളള വിറ്റാമിൻ സി എന്ന ആൻറി ഓക്സിഡൻറ് സന്ധികളിലെ നീരും വേദനയും കുറയ്ക്കാൻ ഏറെ സഹായകം. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന zeaxanthin, beta-cryptoxanthin എന്നീ പോഷകങ്ങളും റുമറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷണം നല്കുന്നു.
ഓറഞ്ച് ഫ്ളേവറുളള പൊടി ശീലമാക്കിയാലും പോരേ.. ?
അവയിൽ കൃത്രിമമധുരവും പ്രിസർവേറ്റീവുകളും ധാരാളമാണ്. അവ ശീലമാക്കിയാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. ഇത്തരം കൃത്രിമ ജ്യൂസ് ശീലമാക്കുന്നത് ആരോഗ്യകരമല്ല.