മരിച്ചു കഴിഞ്ഞതിനു ശേഷം എന്താണ് സംഭവിക്കുന്നത്!

1280

മരണശേഷം എന്ത് സംഭവിക്കും എന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എന്നാൽ ഇതിനുത്തരം ആർക്കും അറിയുകയുമില്ല. മരണം മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്ത് സംഭവിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. മരണശേഷം മിനുറ്റുകളോളം ശരീരം ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ബോധം അവശേഷിക്കുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരോ നേഴ്സുമാരോ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത് പലരും ബോധത്തോടെയിരിക്കുന്ന അന്തിമ നിമിഷങ്ങളിലായിരിക്കും.

മരണം പ്രഖ്യാപിച്ച് അവസാന അഞ്ച് മിനുറ്റ് വരെയുള്ള സമയത്ത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളും സജീവമാണ്. തലച്ചോറിന്റെ അപ്പോഴുള്ള പ്രവര്‍ത്തനത്തെ തലതിരിച്ചാക്കിയാണ് ഇത് സാധ്യമാകുന്നത്. മരണത്തിന് തൊട്ടു മുന്‍പ് മനുഷ്യന്റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളിൽ വേലിയിറക്കം സംഭവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മരണാസന്നരായ രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. മനുഷ്യന്റെ ഹൃദയം നിലച്ച് ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ച ശേഷവും അഞ്ച് മിനുറ്റിനുള്ളില്‍ ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

വൈദ്യശാസ്ത്രപരമായി മരണം സ്ഥിരീകരിച്ച ശേഷവും മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളും ന്യൂറോണുകളും പ്രവര്‍ത്തിക്കുന്നുവെന്ന് ജര്‍മ്മന്‍ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. അതേസമയം, മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പ് മനുഷ്യന്റെ തലച്ചോറില്‍ തരംഗങ്ങളുടെ ഒരു വേലിയിറക്കം തന്നെ സംഭവിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തി. ബെര്‍ലിനില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നില്‍. തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ് മരണാസന്നരായിരിക്കുന്ന രോഗികളെയാണ് ഇവര്‍ നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുത്തത്. രോഗികളുടെ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചാണ് മരണസമയത്തെ മനുഷ്യന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ സാധാരണയായി ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍ മരണം സ്ഥിരീകരിക്കുന്നു. രക്തയോട്ടം നിലക്കുമ്പോൾ തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം അവസാനിക്കുന്നു. ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥയിലും ഏകദേശം അഞ്ച് മിനുറ്റോളം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജശേഖരം ഈ തലച്ചോറിലുണ്ടാകും. തലച്ചോറിലെ ഊര്‍ജ്ജ കണങ്ങളുടെ അവസാനത്തെ വേലിയിറക്കം എപ്പോഴാണ് സംഭവിക്കുക എന്നത് ഇപ്പോഴും കൃത്യമായി പറയാനാകില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിൽക്കുമ്പോൾ ശരീരത്തിലെ രക്തയോട്ടം അവസാനിക്കുന്നു. അതോടെ ഊര്‍ജ്ജം ലഭിക്കാതെ പതിയെ തലച്ചോറിന്റെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് മുന്‍പേ നമുക്ക് മരണത്തിലേക്കുള്ള സഞ്ചാരത്തെ തലതിരിച്ച് ജീവിതത്തിലേക്കുള്ള സഞ്ചാരമാക്കി മാറ്റാനും സാധിക്കും. ഈ സാധ്യതയാണ് ഏറ്റവും പ്രധാനമെന്ന് ജര്‍മ്മന്‍ ഗവേഷക സംഘത്തിലെ ഡോ. ജെന്‍സ് ഡ്രീയര്‍ പറയുന്നു.