ഡ്രൈവറുടെ മോശം പെരുമാറ്റം കാരണം യൂബർ കാറിൽ നിന്ന് ഇറങ്ങേണ്ടി വന്നെന്ന് അഹാന കൃഷ്ണ

838

രാജീവ് രവി സംവിധാനം ചെയ്‌ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ നായികയായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണകുമാർ. അഭിനയ താരം കൃഷ്ണകുമാറിന്റെ മകളാണ് അഹാന. നിരവധി ആരാധകരുള്ള അഹാനയുടെ ഏറ്റവും പുതിയ വാർത്തകൾ അറിയുവാൻ പ്രേക്ഷകര്‍ നിരവധിയാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഈ കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ഒരു ദുരനുഭവം ലൈവിലൂടെ  പങ്കുവെക്കുകയുണ്ടായി.സംഭവം ഇങ്ങനെയാണ്–കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ നിന്ന് മടക്കയാത്രക്കായി അഹനായും അമ്മ സിന്ധുവും യൂബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. സമയത്ത് തന്നെ എത്തിയ കാറിൽ പ്രവേശിച്ച ഇരുവർക്കും ഡ്രൈവറിൽ നിന്നും മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. പേയ്മെന്റ് കാർഡ് വഴിയാണോ ക്യാഷ് വഴിയാണോ എന്ന് ഡ്രൈവർ ചോദിച്ചു. കാർഡ് ആണെന്ന് പറഞ്ഞപ്പോൾ ക്യാഷ് വേണമെന്ന് അയാൾ ആവശ്യപ്പെടുകയും അത് പെട്രോൾ അടിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷൻ മാറ്റാൻ നോക്കിയ അവരോട് ഡ്രൈവർ ആക്രോശിച്ചാണ് സംസാരിച്ചത്. ഉടൻ തന്നെ എനിക്ക് പെട്രോൾ അടിക്കാൻ നിങ്ങളുടെ കാർഡ് ഒന്നും ആവശ്യമില്ല എന്നു പറഞ്ഞ്‌ അയാൾ ദേഷ്യപ്പെട്ടു.

യൂബർ കാർഡും ക്യാഷ് ഓപ്ഷനും ഉണ്ടല്ലോയെന്ന് പറഞ്ഞപ്പോൾ ഇത് യൂബറിന്റെ വണ്ടിയല്ല തന്റെ വണ്ടിയാണെന്ന് അദ്ദേഹം മറുപടി നല്‍കി. അവരോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ അയാൾ ആവശ്യപ്പെട്ടു. അഹാനയുടെ അമ്മ വണ്ടിയുടെ നമ്പർ ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോള്‍ അത് കേട്ട ഇയാൾ എങ്കിൽ വണ്ടിയിൽ കയറ് കൊണ്ടാക്കാം എന്ന തരത്തിലേക്ക് സംസാരം മാറ്റി. എന്നാൽ താനും അമ്മയും വണ്ടിയിൽ നിന്ന് ഇറങ്ങി വീണ്ടും യൂബർ ബുക്ക് ചെയ്തു. പിന്നീടും ഇയാൾ തന്നെ എത്തുകയും കാറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തു. രാത്രി ഇത്തരമൊരു സംഭവം നടന്നപ്പോൾ ശരിക്കും പേടിച്ചുപോയെന്ന് അഹാന ലൈവിൽ പറഞ്ഞു. യൂബറിന് പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

വിൻസെന്റ് എന്നു പേരുള്ള ഡ്രൈവറാണ് താരത്തിനോടും അമ്മയോടും മോശമായ രീതിയില്‍ പെരുമാറിയത്. ഇയാളുടെ വണ്ടിയിൽ ആരും ബുക്ക് ചെയ്‌താൽ കയറരുതെന്നും താരം ആവശ്യപ്പെട്ടു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലുക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് അഹാന.