ത്രില്ലടുപ്പിച്ച് ടോവിനോയുടെ ഫോറൻസിക്..!! ട്രെയിലർ കാണാം 😍😍😍

അഞ്ചാം പാതിര എന്ന സിനിമ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സൈക്കോ സീരിയൽ കില്ലറും പേടിപ്പെടുത്തുന്ന ബാക്‌ഗ്രൗണ്ട് മ്യൂസിക്കുമായി മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി എത്തുകയാണ്. ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോറൻസിക് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. അഖിൽ പോൾ–അനസ് ഖാൻ കൂട്ടുകെട്ട് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യറും സിജു മാത്യുവുമാണ്‌.

രാജു മല്യതും രാഗം മൂവീസും സിനിമയുടെ നിർമാണത്തിൽ പങ്കാളികളാണ്. അഖിൽ ജോർജ് ക്യാമറമാനും പ്രേക്ഷകനെ ഭയപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയുമാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ടോവിനോയും മംമ്തയും കൂടാതെ രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, പ്രതാപ് പോത്തൻ, ലുക്ക്മാൻ, റോണി ഡേവിഡ്, അൻവർ ശരീഫ്, അനിൽ മുരളി, ബാലാജി ശർമ്മ, ജിജു ജോൺ, ധനേഷ് ആനന്ദ്, അഞ്ജലി നായർ, ദേവി അജിത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. മാർച്ചിൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.