നഞ്ചമ്മയുടെ ഹിറ്റ് പാട്ടിന് ശേഷം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അടുത്ത സൂപ്പർഹിറ്റ് ഗാനമെത്തി. താളം പോയി എന്നു തുടങ്ങുന്ന വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിലെ തന്നെ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ടത് ജെക്സ് ബിജോയിയും സംഗീത, ജെക്സ് ബിജോയിയും ചേര്‍ന്ന് ആലപിച്ചതുമാണ് ഈ ഗാനം. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മയായിരുന്നു ആ ഗാനം പാടിയത്. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും കോശിയുടെ ശത്രുവായ അയ്യപ്പന് നായരായി ബിജുമേനോനും ആണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിൽ കോശിയുടെ അച്ഛൻ കുര്യന് ജോണായി എത്തുന്നത് സംവിധായകന് രഞ്ജിത്താണ്. ഡോണ്‍ മാക്സാണ് ഗാനത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും.അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. മിയ ഉള്‍പ്പെടെ നാലു താരങ്ങളാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
അന്ന രാജന്,സിദ്ദിഖ്,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്, ഷാജു ശ്രീധര്‍,ഗൗരി നന്ദ തുടങ്ങിയ താരനിരയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കലാ സംവിധാനം ചെയ്യുന്നത് മോഹന്‍ദാസാണ്.ഗോള്‍ഡ് കോയിന് മോഷന്‍ പിക്ച്ചേഴ്സ് ബാനറില്‍ സംവിധായകന് രഞ്ജിത്തും പി.എം ശശിധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.