ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വല്ലപ്പോഴും മാത്രമേ വീട്ടമ്മമാര്‍ ഈ സാഹസത്തിന് മുതിരാറുളളൂ. എന്നാല്‍ മുട്ട ബിരിയാണി എളുപ്പത്തിൽ തയാറാക്കാൻ സാധിക്കും. ലക്ഷ്മി നായറുടെ റെസിപ്പിയാണ് ഇന്ന് ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്.
ആവശ്യമായ ചേരുവകള്‍:
മുട്ട പുഴുങ്ങിയത് 10 എണ്ണം, ബസ്മതി റൈസ് 2 കപ്പ്, നെയ്യ് കാല് കപ്പ്, റിഫൈന്‍ഡ് ഓയില്‍ അര കപ്പ്, ജീരകം മുക്കാല്‍ ടീസ്പൂണ്‍, സവാള കനം കുറച്ച് അരിഞ്ഞത് 2 എണ്ണം, ചെറിയ ഉള്ളി 10 എണ്ണം, ഇഞ്ചി 1 വലിയ കഷണം, വെളുത്തുള്ളി 10-12 അല്ലി (1 എണ്ണം മുഴുവനായി), പച്ചമുളക് 6 എണ്ണം, മഞ്ഞള്‍പ്പൊടി മുക്കാല്‍ ടീസ്പൂണ്‍, കശ്മീരി മുളകുപൊടി ഒന്നര ടീസ്പൂണ്‍, മല്ലിപ്പൊടി 1 ടീസ്പൂണ്‍, ഗരംമസാല മുക്കാല്‍ ടീസ്പൂണ്‍
പെരുംജീരകം അര ടീസ്പൂണ്‍, മല്ലിയില അര കപ്പ്, പുതിനയില കാല് കപ്പ്, തൈര് കാല് കപ്പ്, അണ്ടിപ്പരിപ്പ് 50 ഗ്രാം (കുതിര്‍ത്ത് പേസ്റ്റാക്കിയത്), ഉപ്പ് പാകത്തിന്, വെള്ളം 4-5 കപ്പ്
തയ്യാറാക്കുന്നവിധം:
ചുവന്ന ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഒരു മിക്സിയില്‍ ചതച്ചു എടുക്കുക. കുതിര്‍ത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. പുഴുങ്ങിയ മുട്ട 4 എണ്ണം കൈകൊണ്ട് പൊടിച്ചു മാറ്റിവയ്ക്കുക. ഇത്രയും കാര്യങ്ങള്‍ ആദ്യം ചെയ്തതിനുശേഷം ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ കാല് കപ്പ് നെയ്യും അരകപ്പ് എണ്ണയും ഒഴിച്ച് ചൂടാക്കി മുക്കാല്‍ ടീസ്പൂണ്‍ ജീരകം ഇട്ടു മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. അതിനുശേഷം ചതച്ചു വച്ചിരിക്കുന്ന മസാലകൾ ചേര്‍ത്ത് അതായത് ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മൂപ്പിക്കുക. തീ കുറച്ചു വച്ച ശേഷം മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, ഒന്നര ടീസ്പൂണ്‍ മുളകുപൊടി എന്നിവ ചേര്‍ത്ത് അവയുടെ പച്ച മണം മാറുന്നതു വരെ ഇളക്കുക. ശേഷം മുക്കാല്‍ ടീസ്പൂണ്‍ ഗരംമസാലയും അര ടീസ്പൂണ്‍ പെരുംജീരകം പൊടിച്ചതും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് കാല് കപ്പ് തൈര് ഒഴിച്ച് ഇളക്കുക.
കൂടാതെ മല്ലിയിലയും പുതിനയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. (സവാള വേഗത്തിൽ മൂക്കുന്നതിനായി വഴറ്റുന്നതിന്റെ കൂടെയും ഉപ്പ് ചേര്‍ക്കാം). എണ്ണയും നെയ്യും തെളിഞ്ഞു വരുമ്പോൾ അണ്ടിപ്പരിപ്പ് അരച്ചത് ചേര്‍ത്ത് തീ കൂട്ടി വച്ച് നന്നായി ഇളക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മുട്ട ചേര്‍ത്ത് നന്നായി ഇളക്കുക. നല്ലതുപോലെ കുഴഞ്ഞ് വരുമ്പോള്‍ നാല് കപ്പ് വെള്ളം ഒഴിക്കുക. (ഏത് കപ്പിലാണോ റൈസ് അളക്കാനെടുക്കുന്നത് അതേ കപ്പില്‍ തന്നെ വെള്ളവും അളന്നെടുക്കുക). ഇതിലേക്ക് ബാക്കിയുള്ള പുഴങ്ങിയ മുട്ടകളും ചേര്‍ത്ത് ഇളക്കി കൊടുക്കുക. നന്നായി തിളച്ചു കഴിഞ്ഞാല്‍ കഴുകി വച്ചിരിക്കുന്ന റൈസ് ചേര്‍ക്കാം. അതിനു ശേഷം പാത്രം അടച്ചു വച്ചു വേവിക്കുക. (1 കപ്പ് തിളച്ച വെള്ളം തയ്യാറാക്കിവെക്കുക. വെള്ളം ആവശ്യം വന്നാല്‍ ഒഴിച്ചു കൊടുക്കുക). പകുതി വേവാകുമ്പോള്‍ അടപ്പു മാറ്റി ഇളക്കി കൊടുക്കുക. ബിരിയാണി വെന്തു കഴിയുമ്പോള്‍ 5 മിനിറ്റ് തുറന്നു വെച്ച് വേവിക്കുക. ഈ സമയത്ത് അണ്ടിപ്പരിപ്പും കിസ്മിസും മല്ലിയിലയും ഇട്ടു കൊടുക്കുക. 5 മിനിറ്റ് കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. മുട്ട ബിരിയാണി തയ്യാര്‍.