പ്ലാസ്റ്റിക്കില്‍ നിന്നും 18 ക്യാരറ്റ് സ്വര്‍ണമുണ്ടാക്കാം; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

836

പ്ലാസ്റ്റിക്കില്‍ നിന്നും 18 ക്യാരറ്റ് സ്വര്‍ണമുണ്ടാക്കാം; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. ഇന്ന് ലോകത്തില്‍ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക് മാലിന്യങ്ങളെ പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കാത്ത രീതിയില്‍ എങ്ങനെ സംസ്കരിക്കാം എന്നതാണ് ഇന്നത്തെ പ്രധാന വിഷയം. എന്നാല്‍ ഇനി മുതല്‍ പ്ലാസ്റ്റിക്കിന് പൊന്നിന്റെ വിലയാണുളളത്. പ്ലാസ്റ്റിക്കില്‍ നിന്നും സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു വിഭാ​ഗം ​ഗവേഷകര്‍. നിലവിലെ സ്വര്‍ണംപോലെ തിളക്കമുള്ളതും ഭാരം കുറഞ്ഞതുമായ സ്വര്‍ണമാ‌ണ് പ്ലാസ്റ്റിക്കില്‍ നിന്ന് ഉല്‍പ്പാദിപ്പിയ്ക്കാൻ സാധിക്കുക. പ്ലാസ്റ്റിക്കിലെ മൂശ അഥവാ മെട്രിക്സില്‍ നിന്നാണ് സ്വര്‍ണ സമാനമായ ലോഹം സൃഷ്ടിച്ചെടുക്കുന്നത്. 18 ക്യാരറ്റില്‍ വരുന്ന ഈ സ്വര്‍ണത്തിന് അവിശ്വസനീയമായ തരത്തിലുള്ള ഭാരക്കുറവാണുളളത്.

സ്വിറ്റ്സര്‍ലന്‍ഡ് യൂണിവേഴ്‌സിറ്റിയായ ഇ.റ്റി.എച്ച്‌ സൂറിചില്‍ നിന്നുള്ള സംഘമാണ് ഇത്തരത്തിൽ പുതിയ സ്വര്‍ണം സൃഷ്ടിച്ചത്. ആഭരണങ്ങളും പ്രത്യേകിച്ച്‌ വാച്ചിന്റെ ചെയ്‌നുകളും മറ്റും ഈ സ്വര്‍ണ്ണം ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാം എന്നാണ് വിലയിരുത്തൽ. പരമ്പരാഗത സ്വര്‍ണത്തെ അപേക്ഷിച്ച് 5 മുതല്‍ 10 തവണ വരെ ഭാരക്കുറവ് പ്രതീക്ഷിക്കാമെന്നാണ് കണ്ടെത്തൽ. പരമ്പരാഗത 18 ക്യാരറ്റ് സ്വര്‍ണത്തില്‍ മൂന്നില്‍ രണ്ടു ഭാഗം സ്വര്‍ണവും ബാക്കി ചെമ്പുമാണുളളത്. ഇതിന്റെ സാന്ദ്രത എതാണ്ട് 15 g/cm3 ആണ്. പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണ്ണത്തിൽ പ്രോട്ടീന്‍ ഫൈബറുകളും പോളിമല്‍ ലാറ്റെക്‌സും ഉപയോഗിച്ച്‌ ഒരു മൂശ സൃഷ്ടിക്കുകയായിരുന്നു. ഇവയ്ക്കിടയില്‍ അവര്‍ സ്വര്‍ണത്തിന്റെ നാനോക്രിസ്റ്റലുകളുടെ നേര്‍ത്ത ഡിസ്‌കുകള്‍ പാകി.കൂടാതെ ഈ സ്വര്‍ണത്തില്‍ വായുവിന്റെ സൂക്ഷ്മവും അദൃശ്യവുമായ പോക്കറ്റുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വര്‍ണത്തിന്റെ പ്ലെയ്റ്റ്‌ലെറ്റസും പ്ലാസ്റ്റിക്കും ഉരുകിച്ചേര്‍ന്നുണ്ടാകുന്ന വസ്തു എളുപ്പത്തില ഉല്‍പ്പന്നമാക്കിയെടുക്കാമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ലിയോണി വാന്റ് ഹാഗിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ഈ അത്ഭുതകരമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പുതിയ സ്വര്‍ണത്തിന് പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളാണുള്ളത്. എന്തെന്നാല്‍ ഇതിന്റെ ഒരു ഭാഗം താഴെ വീണാല്‍ പ്ലാസ്റ്റിക്ക് വീഴുന്ന ശബ്ദമാണ് ഉണ്ടാവുക. എന്നാല്‍, ഇത് പരമ്പരാഗത സ്വര്‍ണം പോലെ തിളങ്ങുകയും ചെയ്യും. പുതിയ വസ്തുവിനെ മിനുക്കിയെടുക്കുകയും ഉരുക്കി പലതരം ആഭരണങ്ങളാക്കുകയും ചെയ്യാമത്രേ. പുതിയ വസ്തുവിന്റെ നിര്‍മാണത്തില്‍ എത്രമാത്രം സ്വര്‍ണം ഉപയോഗിച്ചിരിക്കുന്നു എന്നതിനെ ആസ്പദമാക്കി അതിന്റെ തൂക്കം മാറ്റുകയും ചെയ്യാം. മൂശയിലെ ലാറ്റക്‌സിനു പകരം പോളിപ്രോപിലീന്‍ (polypropylene) എന്ന പ്ലാസ്റ്റിക്കും ഉപയോഗിക്കാം. എന്നാൽ പോളിപ്രോപിലീന്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് നിശ്ചിത ഊഷ്മാവില്‍ ദ്രാവക രൂപത്തിലാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് പോളിപ്രോപിലീന്‍ ഉപയോഗിച്ചു നിര്‍മിച്ച പ്ലാസ്റ്റിക് സ്വര്‍ണ്ണം ഉരുക്കുകയും ചെയ്യാം. എന്നാല്‍ ശരിക്കുള്ള സ്വര്‍ണം ഉരുക്കുന്ന അത്രയും ഊഷ്മാവ് വേണ്ടാതാനും. പ്ലാസ്റ്റിക് സ്വര്‍ണ്ണം ആഭരണ നിര്‍മ്മാണത്തിനും വാച്ചിന്റെ ചെയിന്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം. കൂടാതെ കെമിക്കല ദ്രവീകരണത്തിനും ഇലക്‌ട്രോണിക് ആവശ്യങ്ങള്‍ക്കും റേഡിയേഷന്‍ ഷീല്‍ഡ് നിര്‍മിക്കാനും പ്രയോജനപ്പെടുമെന്നാണ് കണ്ടെത്തൽ.