വിദ്യാര്‍ഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായകാരൻ ആരാണ് ! ഡൽഹി പോലീസ് പറയുന്നു..

314

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയർത്തിയ ഡല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാലയിലുളള വിദ്യാര്‍ഥികളെ ഡല്‍ഹി പൊലീസിനൊപ്പം നിന്ന് തല്ലിച്ചതക്കുന്ന ചുവന്ന കുപ്പായക്കാരന്റെ ​​ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നീല ജീന്‍സും​ ചുവന്ന ബനിയനും അതിനു മുകളില്‍ പൊലീസി​​ന്റെ ജാക്കറ്റുമായെത്തി മുഖം മറച്ച്‌​ ഈ വിദ്യാര്‍ഥികളെ തല്ലിചതച്ച ഇയാള്‍ ആരാണെന്നു ചോദിക്കാത്തവര്‍ അപൂര്‍വമാണ്. റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പെടെയുള്ള നിരവധി ആളുകൾ ആരാണ്​ ആ ചുവന്ന കുപ്പായക്കാരന്‍ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ചോദിച്ചിരുന്നു. പൊലീസിനൊപ്പം നിന്ന് ജാമിഅയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാൻ ഇയാള്‍ ആരാണെന്നുളളത് ആര്‍ക്കെങ്കിലും പറഞ്ഞുതരാമോ എന്ന കാപ്ഷനോടെ അയാളുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച്‌ കട്ജു ട്വീറ്റ് ചെയ്തിരുന്നു. അയാള്‍ എ.ബി.വി.പി യുടെ നേതാവാണെന്നും പൊലീസുകാരനല്ലെന്നു​മുള്ള പ്രചരണം അതോടെ ശക്തമായി. പൊലീസുകാര്‍ക്കൊപ്പം സംഘ്​പരിവാറും തങ്ങളെ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്​ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ചുവന്ന കുപ്പായക്കാര​​ൻ ആരാണെന്നുള്ള വിശദീകരണവുമായി ഡല്‍ഹി പൊലീസ് തന്നെ​ രംഗത്തെത്തിയിരിയ്ക്കുകയാണ്.

തെക്ക് കിഴക്കന്‍ ജില്ലാ പൊലീസ്​ വിഭാഗത്തിലെ ഒരു കോണ്‍സ്റ്റബിളാണ് ഇയാൾ എന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. ജില്ലയിലെ ആന്‍റി ഓട്ടോ തെഫ്റ്റ് സ്ക്വാഡിലെ (എ‌.എ‌.ടി.‌എസ്) ഡിറ്റക്ടീവുകളുടെ ഒപ്പമുള്ളവരായതിനാല്‍ ചില കോണ്‍സ്റ്റബിള്‍മാർ അവരുടെ യൂണിഫോമിലായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. അവരുടെ ജോലിയുടെ സ്വഭാവം വ്യത്യസ്തതയേറിയതാണ്. എ‌.എ‌.ടി.‌എസ് ടീം പൊതുവെ എല്ലായ്പ്പോഴും സിവില്‍ വസ്ത്രത്തിലായിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഇവരെ സംഘര്‍ഷം നിയന്ത്രിക്കാന്‍ വിളിച്ചുവരുത്താറുണ്ട്. അയാൾ ചെറുപ്പക്കാരനായ കോണ്‍സ്റ്റബിളാണെന്നും സുരക്ഷാ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ചിന്‍‌മോയ് ബിസ്വാള്‍ സ്ഥിരീകരിച്ചു. എന്നാൽ പൊലീസുകാരനാണെങ്കില്‍ എന്തിനാണ്​ മുഖം മറച്ച്‌​ വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ എത്തിയതെന്ന ചോദ്യത്തിനുള്ള  ഉത്തരം ഇപ്പോഴും വ്യക്തമല്ല.