വെജിറ്റബിള്‍ പുലാവ് 😋😋😋

ആവശ്യമായ ചേരുവകൾ:
ബസ്മതി അരി-2കപ്പ്, കാരറ്റ്-1 ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്, ബീൻസ്-½ കപ്പ്‌ ചെറുതായി അരിഞ്ഞത്, ഫ്രോസന്‍ ഗ്രീന്‍പീസ്‌-½ കപ്പ്, സവാള-½ കപ്പ് മീഡിയം കഷ്ണങ്ങളാക്കി അരിഞ്ഞത്, ഉണക്ക മുന്തിരി-¼ കപ്പ്,കശുവണ്ടിപ്പരിപ്പ്-¼ കപ്പ്, ഗ്രാമ്പു-6 എണ്ണം, കറുവപ്പട്ട-½ ഇഞ്ച് വലുപ്പത്തിലുള്ളത്, ഏലക്കായ-4 എണ്ണം, കുരുമുളക്-8 എണ്ണം, നെയ്യ്-1/4 ടേബിള്‍ സ്പൂണ്‍, എണ്ണ-1 ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
അരി 20 മിനുട്ട് നേരത്തേക്ക് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞ് മാറ്റിവെക്കാം. മറ്റൊരു പാത്രത്തിൽ ഉണക്ക മുന്തിരിയും കശുവണ്ടി പരിപ്പും എണ്ണയില്‍ ചെറിയ തീയില്‍ വറുത്തെടുത്ത് മാറ്റിവെക്കുക. അതേ പാത്രത്തില്‍ തന്നെ ചെറുതായി അരിഞ്ഞു വെച്ച സവാള ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ബീൻസും കുറച്ചു ഉപ്പും ചേര്‍ത്ത് ഇളക്കുക.
ബീൻസ് പകുതി വഴന്നു വരുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റും, ഗ്രീന്‍പീസും ആവശ്യത്തിന് കുറച്ചു ഉപ്പും ചേര്‍ത്തു വീണ്ടും വഴറ്റുക. ആവശ്യമെങ്കില്‍ കുറച്ചു എണ്ണയും ചേര്‍ക്കാം. ഒരു നോണ്‍സ്റ്റിക്ക് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് കുതിര്‍ത്ത് വെച്ചിരിക്കുന്ന അരി 5 മിനിറ്റ് നേരം ചെറു തീയില്‍ വഴറ്റി എടുക്കുക.
ഇതേ സമയം മറ്റൊരു പാത്രത്തില്‍ മേല്‍ പറഞ്ഞ ഗരം മസാലകൾ ചേര്‍ത്തുള്ള വെള്ളം ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഏകദേശം 2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം എന്ന രീതിയില്‍ തിളപ്പിക്കുക. വെള്ളം തിളച്ചുവന്നാൽ അരി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പാത്രത്തിലേക്ക് വെള്ളം ചെറുതായി ഒഴിച്ചു കൊടുക്കുക. ശേഷം ഒരു മൂടി കൊണ്ട് അടച്ചു വെച്ച് ചെറുതായി വേവിച്ചെടുക്കാം. ഇടയ്ക്കിടെ അടപ്പ് തുറന്ന്‌ വെള്ളം ആവശ്യത്തിന്‌ ഉണ്ടെന്നുള്ളത് ഉറപ്പ് വരുത്തണം. ഏകദേശം 25 – 30 മിനിറ്റോടെ അരി വെന്തിരിക്കും. വെള്ളവും വറ്റിയിട്ടുണ്ടാകും. അരി വെന്തുകഴിഞ്ഞാല്‍ തീയില്‍ നിന്നും മാറ്റി വെക്കുക. ശേഷം ഗ്രീന്‍പീസ് ചോറിലേക്ക്‌ ചേര്‍ത്ത് കുറച്ചു സമയം അടച്ചു വെക്കുക. ചോറ് നന്നായി വെന്തു എന്നുറപ്പായാല്‍ വഴറ്റി വെച്ചിരിക്കുന്ന പച്ചക്കറികളും , മുന്തിരിയും, അണ്ടിപ്പരിപ്പും ഇതിലേക്ക് ചേര്‍ത്ത് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കി ചേര്‍ക്കാം. വെജിറ്റബിള്‍ പുലാവ് തയ്യാര്‍.

Leave a Comment

Your email address will not be published.