കൊച്ചി: 2020 ജനുവരി 1 മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം നടപ്പിലാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി അവസാനം പുലിവാല് പിടിച്ച് പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനി.മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന് മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പിനാണ് ഈ അബദ്ധം നേരിടേണ്ടിവന്നത്. സംവിധായകന് ശ്രീകുമാര്‍ മേനോന് മുമ്പൊരിക്കല്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടറിന്റെ സ്കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് കരുതി കമ്പനി പോസ്റ്ററില്‍ കൂട്ടി ചേര്‍ത്തത്.മോഹന്‍ലാലിനെ നായകനാകുന്ന കോമ്രേഡ് എന്ന ഒരു സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നെന്നും എന്നാല്‍ ആ പദ്ധതി പിന്നീട് ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ അന്നു പറഞ്ഞിരുന്നു. പിന്നീട് ഫേസ്ബുക്കില്‍ ഈ തെറ്റിനെക്കുറിച്ച് ചര്‍ച്ചയായപ്പോൾ യൂറോസേഫ്റ്റി കമ്പനി പോസ്റ്റർ എഡിറ്റ് ചെയ്ത് പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം പകര്‍ത്തിയിട്ടുണ്ട്.