ആവശ്യമായ ചേരുവകള്‍:
മൈദ-1 കപ്പ്, കാരറ്റ് ചിരകിയെടുത്തത്-1 1/2 കപ്പ് അല്ലെങ്കില്‍ 200 ഗ്രാം,എണ്ണ-1/2 കപ്പ്, പഞ്ചസാര പൊടിച്ചത്-3/4 കപ്പ്, മുട്ട-1 എണ്ണം, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി-ആവശ്യത്തിന്, ബേക്കിങ് പൗഡർ-1/2 ടീസ്പൂണ്‍,ബേക്കിങ് സോഡ-1/2 ടീസ്പൂണ്‍, വാനില എസെന്‍സ്-1/2 ടീസ്പൂണ്‍, ഉപ്പ് എൽ.
തയാറാക്കുന്ന വിധം:
ഒരു കപ്പ് മൈദയില്‍ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേര്‍ത്തതിനുശേഷം അരിച്ചെടുക്കുക. അതിൽ നിന്നും കുറച്ച് മൈദയിൽ അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ഇളക്കി ചേര്‍ത്ത് മാറ്റിവയ്ക്കുക. അതേ സമയം മുട്ടയും പൊടിച്ച പഞ്ചസാരയും കാരറ്റ് ചിരകിയതും ചേര്‍ത്തു മിക്സിയിന നല്ലതുപോലെഅടിച്ചെടുക്കുക. ഈ മിശ്രിതം മറ്റൊരു പത്രത്തിലേയ്ക്ക് പകര്‍ത്തിയതിനുശേഷം എണ്ണയും മൈദയും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ഇതിലേക്ക് വനില എസന്‍സും, അണ്ടിപ്പരിപ്പും, ഉണക്ക മുന്തിരിയും ചേര്‍ത്ത് നന്നായി ഇളക്കുക.
തയ്യാറാക്കിയ ഈ കേക്ക് മിശ്രിതത്തെ കേക്ക് ടിന്നിലോ സ്റ്റീല്‍ ലഞ്ച് ബോക്സിലോ പരത്തി ഒഴിക്കുക. അതിനു ശേഷം പാത്രത്തെ മൂന്നു നാലു തവണ നിലത്തുതട്ടി ഉള്ളിലുള്ള വായു കുമിളകള്‍ നീക്കം ചെയ്യുക. കേക്ക് ബേക്ക് ചെയ്യുന്നതിനായി കുക്കര്‍ സ്റ്റൗവില്‍ വെച്ചതിനുശേഷം കുക്കറിനുളളിൽ കുറച്ച് ഉപ്പു പൊടി ഇടുക. മുകളില്‍ പരന്ന ചെറിയ പാത്രമോ കിച്ചണില്‍ ഉപയോഗിക്കുന്ന വളയമോ വെച്ചുകൊടുക്കണം. ശേഷം കുക്കറിലെ വാഷും വിസിലും മാറ്റിയശേഷം അടച്ചു വെച്ച് പത്തു മിനിറ്റ് ഉയർന്ന ഹീറ്റിൽ ചൂടാക്കുക. എന്നിട്ട് കുക്കര്‍ തുറന്നു മിശ്രിതം നിറച്ച പാത്രം കുക്കറിൽ വെച്ച് കുക്കര്‍ അടയ്ക്കുക. മീഡിയം ഹീറ്റിൽ 40-45 മിനിറ്റ് വെക്കുക. കാരറ്റ് കേക്ക് റെഡി.
കേക്ക് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.കേക്ക് മിശ്രിതം ഇളക്കി യോജിപ്പിക്കുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ഇളക്കാൻ പാടുള്ളൂ, കേക്ക് മിശ്രിതം കേക്ക് ടിന്നില്‍ ഒഴിക്കുന്നതിനു മുന്‍പായി കുറച്ചു നെയ്യോ എണ്ണയോ പാത്രത്തില്‍ തേച്ചു കൊടുക്കാൻ മറക്കരുത്. പാത്രത്തിന്റെ ആകൃതിയില്‍ ബട്ടര്‍ പേപ്പര്‍ മുറിച്ചു വെച്ചതിനുശേഷം മാത്രമേ മിശ്രിതം ഒഴിക്കാവൂ, കേക്ക് മിശ്രിതം അടുപ്പില്‍ വെച്ചു കഴിഞ്ഞാല്‍ ഇരുപതു മിനിറ്റ് കഴിയുമ്പോള്‍ അടപ്പ് തുറന്നു കേക്ക് പാകമായോ എന്നു നോക്കണം. ചെറിയ ഫോര്‍ക്ക് കൊണ്ടോ സ്പൂണ്‍ കൊണ്ടോ കേക്കിൽ ആഴത്തില്‍ കുത്തിനോക്കി മിശ്രിതം പറ്റിപ്പിടിക്കുന്നില്ലായെങ്കില് കേക്ക് തയ്യാറായി എന്ന് ഉറപ്പിക്കാം. കേക്ക് പാകമായ ശേഷവും കുക്കറില്‍ ഇരുന്നാല്‍ ചൂടു കൊണ്ടു കരിയും.