മാമാങ്കം എന്ന സിനിമ തനിക്ക് നഷ്ടമായതിനെക്കുറിച്ച് വെളിപ്പെടുത്തി നടി മാളവിക മേനോന്. 916 എന്ന മലയാള സിനിമയിലൂടെ നായികയായി അരങ്ങേറിയ നടിയാണ് മാളവിക മേനോന്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.ഹീറോ,നിദ്ര, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന് 06 തുടങ്ങീ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നവംബര്‍ 21ന് മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. മാമാങ്കത്തില്‍ മാളവിക അവതരിപ്പിക്കാനിരുന്നത് അനുസിതാര ചെയ്തിരുന്ന റോളായിരുന്നു.മാമാങ്കം റീഷൂട്ടിങ്ങിനിടയില് പൊറിഞ്ചു മറിയം ജോസില്‍ അഭിനയിക്കേണ്ടി വന്നതുകൊണ്ടാണ് ആ അവസരം തനിക്ക് നഷ്ടമായത് എന്ന് നടി പറഞ്ഞു.
പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്നമുണ്ടാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മാമാങ്കം നഷ്ടമായതിനുളള വിഷമവും ഉണ്ട്. പ്രതീക്ഷയാണ് നമ്മെ നയിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകളിലൂടെ തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. മാമാങ്കത്തിലെ മാളവികയുടെ ഒരു സ്റ്റില്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഫേസ്ബുക്കില്‍ അവസരം നഷ്ടമായ വിവരം അറിയിച്ചത്.